പത്തനംതിട്ട : ആനന്ദപ്പള്ളിയുടെ കാർഷിക ഉത്സവമായിരുന്ന മരമടി നിലച്ചിട്ട് 17 വർഷം പിന്നിടുമ്പോഴും പുനരുജ്ജീവിപ്പിക്കാൻ നടപടിയില്ല. ചിങ്ങക്കൊയ്ത്ത് കഴിഞ്ഞ് ആഗസ്റ്റ് 15നാണ് മരമടി നടത്തിയിരുന്നത്. അടൂർ പുതുവീട്ടിൽ പടി ഏലാ കേന്ദ്രീകരിച്ച് 1950ലാണ് മരമടി ഉത്സവം ആരംഭിച്ചത്. 1986ലാണ് ആനന്ദപ്പള്ളി പാലശ്ശേരി ഏലായിൽ മരമടി ഉത്സവം ആരംഭിച്ചത്. എന്നാൽ 2008ൽ ആനന്ദപ്പള്ളി മരമടി നിലച്ചു.
ഇതിനിടെ 2017ൽ കേന്ദ്ര സർക്കാർ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. അന്നുമുതൽ ഉത്സവം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആനന്ദപ്പള്ളി കർഷക സമിതിയും രംഗത്തുണ്ട്. എന്നാൽ തുടർനടപടിയായിട്ടില്ല. ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്നാട്ടിൽ ശക്തമായ സമരം നടത്തിയതിന്റെ ഫലമായാണ് കേന്ദ്ര സർക്കാർ 2017ൽ നിയമത്തിൽ ഇളവ് വരുത്തിയത്.
അതത് സംസ്ഥാനങ്ങൾക്ക് ബിൽ പാസാക്കി ഇപ്രകാരമുള്ള കാർഷിക ഉത്സവങ്ങൾ നടത്താൻ അനുമതി കൊടുക്കുകയും ചെയ്തു. കേന്ദ്രം ഇളവു നൽകിയപ്പോൾതന്നെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ നിയമസഭകളിൽ ബിൽ പാസാക്കി ഉത്സവം ആരംഭിച്ചു. 2017 മുതൽ എല്ലാവർഷവും അതു നടന്നുവരുന്നു. എന്നാൽ കേരളം ഇതുവരെ നിയമനിർമാണത്തിന് തയാറായില്ലെന്ന് ആനന്ദപ്പള്ളി കർഷക സമിതി ഭാരവാഹികൾ പറഞ്ഞു. കർഷക സമിതി പലതവണ സർക്കാറിന് പലതവണ അപേക്ഷ നൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മൂന്നുതവണ വിഷയം നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തു. ചില ഉദ്യോഗസ്ഥർ തടസ്സമായി നിൽക്കുന്നത് കാരണമാണ് ബിൽ പാസാക്കാതിരുക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് വർഗീസ് ദാനിയേൽ, സെക്രട്ടറി വി.കെ. സ്റ്റാൻലി, ഡോ. പി.സി. യോഹന്നാൻ, നിഖിൽ ഫ്രാൻസിസ്, വി.എസ്. ദാനിയേൽ എന്നിവർ പങ്കെടുത്തു.





























