റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് ഇരുട്ടിന്‍റെ പിടിയില്‍. ഇരുളകറ്റാനുള്ള പഞ്ചായത്തിന്‍റെ ശ്രമവും പരാജയത്തില്ലാണ്. സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ ബസ് ടെര്‍മിനവില്‍ സ്ഥാപിച്ച വൈദ്യുതി വിളക്കുകള്‍ വീണ്ടും അണഞ്ഞതോടെ പൂര്‍ണ്ണമായും ഇരുട്ടിലായിരിക്കുകയാണ് ബസ് സ്റ്റാന്‍ഡ്.
പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെയും സ്വകാര്യ വ്യക്തിയുടേയും സംയുക്ത സഹകരണത്തോടെ രണ്ടു മാസം മുമ്പ് അഞ്ച് എൽഇഡി ലൈറ്റുകൾ ബസ് ടെര്‍മിനലില്‍ സ്ഥാപിച്ചതാണ്. അതുകൊണ്ട് സന്ധ്യകഴിഞ്ഞാലുടന്‍ ബസ് സ്റ്റാന്‍ഡ് പ്രകാശപൂരിതമാകുമായിരുന്നു. ബസ് സ്റ്റാൻഡിൽ മുമ്പ്സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ അമിത വൈദ്യുതി പ്രവാഹം മൂലം നിശ്ചലമായി പോയിരുന്നു.
പിന്നീട് പ്രസിഡന്‍റിന്‍റെ അഭ്യർത്ഥനപ്രകാരം സ്വകാര്യ വ്യക്തി ലൈറ്റുകൾ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇതും ഇപ്പോള്‍ തകരാറിലായിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡ് സന്ധ്യ കഴിഞ്ഞാല്‍ ഇരുളിലാകും. വ്യാപാര സ്ഥാപനങ്ങളിലേയും വാഹനങ്ങളിലേയും വെളിച്ചമാണ് പിന്നീട് യാത്രക്കാര്‍ക്ക് ആകെ പ്രയോജനമാവുന്നത്.
എട്ടുമണിയോടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചാല്‍ പിന്നെ യാത്രക്കാര്‍ ഇരുട്ടില്‍ ബസ് കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. രാത്രിയില്‍ റാന്നി വഴി നിരവധി ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്. ഇഴജന്തുക്കളേയും തെരുവുനായകളേയും ഭയന്നു വേണം യാത്രക്കാര്‍ക്ക് രാത്രികാലങ്ങളില്‍ ബസ് കാത്തുനില്‍ക്കേണ്ടത് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്.