കൊല്ലം : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മത്സ്യനയത്തിലെ 2(9) വ്യവസ്ഥ പുനഃപരിശോധിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചെന്നിത്തലയുടെ ആവശ്യത്തോട് യുഡിഎഫ് തീരദേശ ജാഥയ്‌ക്ക് നേതൃത്വം നൽകുന്ന ആർഎസ്‌പി നേതാവ് ഷിബു ബേബിജോണിന്റെ നിലപാട് വ്യക്തമാക്കണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മത്സ്യനയത്തിലെ 2(9) വ്യവസ്ഥ ഒഴിവാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതാണ് വ്യവസ്ഥ. വസ്‌തുത ഇതായിരിക്കെ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന 3500 യാനങ്ങള്‍ നിരോധിക്കുന്നതിനാണോ പ്രതിപക്ഷ നേതാവ് ലക്ഷ്യമിടുന്നത്.
മത്സ്യലേലത്തിലെ അഞ്ചുശതമാനം കമ്മീഷന്‍ ഒഴിവാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം കാര്യം അറിയാതെയാണ്. മത്സ്യത്തൊഴിലാളികളില്‍നിന്ന് ഒരു ശതമാനം പോലും സര്‍ക്കാര്‍ വിഹിതം ഈടാക്കുന്നില്ല. യാനങ്ങൾക്ക് തീരത്ത് അടുക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത സർക്കാർ തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന് ന്യായവില ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. 15 ശതമാനംവരെ കമ്മീഷന്‍ എടുക്കുന്ന സാഹചര്യം ഒഴിവാക്കി മത്സ്യത്തിന് ന്യായവില ഉറപ്പാക്കുന്നു. കേന്ദ്രത്തിന്റെ സഹായമില്ലാഞ്ഞിട്ടും തീരസംരക്ഷണത്തിന്റെ ഭാഗമായി ഹാര്‍ബറുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷം 750 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. കൊല്ലത്ത് എത്തിയ രാഹുല്‍ ഗാന്ധിയും മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിസ്ഥാനരഹിതമായ അഭിപ്രായപ്രകടനം നടത്തി.
ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചാൽ ഏറ്റുപിടിക്കുന്നത് ഒരുദേശീയ നേതാവിനു ചേർന്നതല്ല. കൊല്ലത്ത് രാഹുൽ ഗാന്ധി മത്സ്യമേഖലയിൽ വിനോദസഞ്ചാരത്തിന്റെ സാധ്യത പരീക്ഷിക്കുകയായിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് നടക്കുന്ന കുപ്രചാരണം തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. മത്സ്യത്തൊഴിലാളികള്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നവരാണെന്നും മന്ത്രി പറഞ്ഞു.