തിരുവനന്തപുരം : മലപ്പുറം മുൻ കലക്ടർ ജാഫർ മാലിക് തന്നെ അവഹേളിച്ചുവെന്നു കാട്ടി നിലമ്പൂർ എംഎൽഎ പി.വി.അൻവർ നൽകിയ പരാതി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണത്തിനു വിട്ടു. ആദിവാസി പുനരധിവാസ വികസന മിഷൻ വഴി ഭൂരഹിതരായ പട്ടികവർഗക്കാർക്കു ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കലക്ടറായിരുന്ന ജാഫർ മാലിക് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമത്തിലൂടെയും അവഹേളിച്ചു എന്നാണ് പി.വി.അൻവറിന്റെ പരാതി. ജാഫർ മാലിക്കിന്റെ പരാമർശങ്ങൾ നിയമസഭാ അംഗം എന്ന നിലയിൽ തന്റെ അവകാശങ്ങളുടെ ലംഘനമാണെന്നു കാണിച്ചാണ് അൻവർ പരാതി നൽകിയത്. പരാതി സഭാചട്ടം 159 അനുസരിച്ച് അന്വേഷണത്തിനായി പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്കു സ്പീക്കർ കൈമാറി.
പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചിലർ വഴിവിട്ട കാര്യങ്ങൾക്കു നിർബന്ധിക്കുന്നു എന്നായിരുന്നു മലപ്പുറം കലക്ടറായിരുന്ന ജാഫർ മാലിക്കിന്റെ ആരോപണം. പുനരധിവാസത്തിനു സൗജന്യമായി ലഭിച്ച സ്ഥലം സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ എംഎൽഎ നിർബന്ധിച്ചു. പുനരധിവാസത്തിനു താൻ പറയുന്ന സ്ഥലം വാങ്ങണമെന്നും എംഎൽഎ ആവശ്യപ്പെട്ടെന്നും ജാഫർ മാലിക്ക് ആരോപിച്ചിരുന്നു. തുടർന്നാണ് കലക്ടറും എംഎൽഎയും തമ്മിൽ പരസ്യ പോരിലേക്കു കാര്യങ്ങളെത്തിയത്. കലക്ടർക്കെതിരെ പി.വി.അൻവർ എംഎൽഎ മാനനഷ്ടക്കേസും ഫയൽ ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ നിയമസഭാസമിതിക്ക് അൻവർ പരാതി നൽകിയത്. പരാതിയിൽ സഭാസമിതി കലക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടും.