കൊച്ചി: ബന്ധു നിയമനത്തിൽ സ്വജനപക്ഷപാതം നടത്തിയെന്ന ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിലെ നടപടികൾ പൂർത്തിയാകുംവരെ ലോകായുക്ത ഉത്തരവിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഹർജി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും.
സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകായുക്തയുടെ നിർദ്ദേശം. എന്നാൽ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം.