ഡൽഹി: ഭൂമിയിലെ സ്വർഗമെന്ന് ജമ്മു കശ്മീരിനെ വിശേഷിപ്പിക്കുന്നവരാണ് നമ്മൾ. പക്ഷെ ഇതേ കശ്മീർ തന്നെ ഉറക്കമില്ലാത്ത രത്രികൾ മാത്രം സമ്മാനിക്കുന്ന, നമുക്ക് സുരക്ഷിതമായി ഉറങ്ങാനും ഉണരാനും കാരണക്കാരായ, ധീര ജവാന്മാരുടെ ജീവത്യാഗത്തിന്റെ, കഷ്ടപ്പാടുകളുടെ കഥ പറയുന്നുണ്ട്. രാജ്യസുരക്ഷയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ചു നിൽക്കുന്ന ജമ്മുവിന്റെ താഴ്വരകളിൽ ഭീകരവാദം പടർന്നു പിടിക്കുമ്പോൾ നമ്മുടെ സുരക്ഷാ സേനയുടെ എണ്ണത്തിൽ ഇടിവ് സംഭവിക്കുന്നുണ്ട്. വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ എണ്ണത്തിൽ ഭയപ്പെടുത്തുന്ന വർധനയുണ്ട്. ഇത് പരിശോധിക്കപ്പെട്ടേ മതിയാകൂ. ജമ്മുവിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി ഭീകരാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജൂൺ മാസം മുതൽ മാത്രം ജീവൻ നഷ്ടപ്പെട്ടത് പത്തോളം ജവാന്മാർക്ക്. ജമ്മുവിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നാല് സൈനികർ വീരമൃത്യു വരിച്ചത് അടുത്തകാലത്താണ്.
ദോഡ വനത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജൂൺ 9 ന് തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനു നേരെയുണ്ടായ ഭീകരാക്രമണമാണ് ഇക്കാലയളവിലെ വലിയ അപകടം. ഇതിൽ 9 പേർ മരിച്ചു. പിന്നീട് ഒരു മാസം തികഞ്ഞപ്പോൾ തന്നെ തീവ്രവാദികൾ ഒരു സൈനിക വാഹനവ്യൂഹത്തെ ആക്രമിച്ചു. ഇതിൽ ജീവൻ നഷ്ടമായത് അഞ്ച് സൈനികർക്ക്. 2024 ഏപ്രിലിനുശേഷം 24-ലധികം ആളുകളാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അവരിൽ പകുതിയിലേറെ പേരും സൈനികരാണ്. 2023 മുതൽ ഭീകരാക്രമത്തിൽ ഗണ്യമായ വർധനയുണ്ടായത്. 43 ഭീകരാക്രമണങ്ങളാണ് 2023 ന് ശേഷം സംഭവിച്ചത്.