ദിസ്പൂര്‍: അസമില്‍ പടര്‍ന്ന് പിടിക്കുന്ന ജെഇ (ജാപ്പനീസ് എന്‍സഫലൈറ്റിസ്) രോഗം ബാധിച്ച് കഴിഞ്ഞ 15 ദിവസത്തിനിടെ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൊതുകു പരത്തുന്ന രോഗമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൂടി രോഗത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ 23 ആയത്. അസമിലെ നല്‍ബാരി, മോറിഗൗണ്‍ ജില്ലകളിലാണ് ഏറ്റവുമൊടുവില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ ഒന്ന് മുതലുള്ള കണക്ക് പ്രകാരം അസമില്‍ ഇതുവരെ 160 പേര്‍ക്കാണ് ജെഇ റിപ്പോര്‍ട്ട് ചെയ്തത്.
കൊതുക് കടിക്കുന്നതിലൂടെ പകരുന്ന വൈറസ് രോഗമാണ് ജാപ്പനീസ് എന്‍സഫലൈറ്റിസ്. ഇത് മസ്തിഷ്‌കത്തില്‍ അണുബാധയ്‌ക്ക് ഇടയാക്കും. പന്നികളിലും പക്ഷികളിലുമാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഇവയെ കടിച്ച കൊതുകുകള്‍ മനുഷ്യരെ കടിക്കുന്നതോട് കൂടിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുകയില്ല. രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ നല്‍കുന്നത്.
വൈറസ് വാഹകരായ കൊതുക് കടിച്ചാല്‍ അഞ്ച് മുതല്‍ 15 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കും. പനി, കഴുത്ത് വേദന, സംസാരിക്കാന്‍ ബുദ്ധിമുട്ട്, വിറയല്‍, പേശികള്‍ക്ക് ബലക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പന്നി ഫാം നടത്തുകയും ഗ്രാമങ്ങളില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്കാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. പ്രതിവര്‍ഷം 68,000 പേര്‍ക്ക് ജാപ്പനീസ് എന്‍സഫലൈറ്റിസ് ബാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.