കൊട്ടാരക്കര : എക്സൈസ് സര്‍ക്കിള്‍ കാര്യാലയത്തിന്റെ പരിധിയിലുള്ള ഓഫിസുകളില്‍ ആവശ്യത്തിന് ജീപ്പില്ലെന്ന് പരാതി ഉയരുന്നു. കൊട്ടാരക്കര എക്സൈസ് സര്‍ക്കിളിന് കീഴിലെ നാല് റേഞ്ച് ഓഫിസുകളാണുള്ളത്. ഈ ഓഫിസുകള്‍ക്കെല്ലാം കൂടി ഒരു ജീപ്പ് മാത്രമാണ് നിലവില്‍ ഓടുന്നത്. ചടയമംഗലം, എഴുകോണ്‍, കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന് സമീപത്തെ എക്സൈസ് റേഞ്ച് ഓഫിസ്, കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ കാര്യാലയം എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഒരു ജീപ്പിനെ മാത്രമായി ആശ്രയിക്കേണ്ടിവരുന്നത് ഉദ്യോഗസ്ഥരുടെ ജോലിയെ ബാധിച്ചിരിക്കുകയാണ്.
പ്രതികളെ പിടികൂടുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനും കേസ് അന്വേഷിക്കുന്നതിനുമൊക്കെ വാഹന സൗകര്യമില്ലാതെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിലാവുകായാണ്. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഓഫിസുകളിലെ സുഗമമായ പ്രവര്‍ത്തനത്തിന് അധികൃതര്‍ അടിയന്തരമായി ജീപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.