കൊച്ചി : കാണാന്‍ സുന്ദരമെങ്കിലും കായലില്‍ അപകടകരമായി നിറയുകയാണ് ജെല്ലി ഫിഷ്. കടലില്‍ വളരുന്ന കടല്ചൊറിയെന്ന് വിളിക്കപ്പെടുന്ന ജെല്ലി ഫിഷിനെ അടുത്തിടെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ കായലുകളിലും കണ്ടെത്തി. വടക്കന്‍ ജില്ലകളില്‍ ജെല്ലി ഫിഷ് നിറഞ്ഞ് കായലില്‍ മത്സ്യബന്ധനം നടത്താനാകാത്ത സ്ഥിതിവരുന്നുണ്ട്.
ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്ത് അടുത്തിടെ നടത്തിയ പക്ഷി സര്‍വേക്കിടെ പെരുമ്പളം ബോട്ടുജെട്ടിക്ക് സമീപത്ത് ജെല്ലി ഫിഷിനെ കണ്ടെത്തിയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഫോട്ടോഗ്രാഫര്‍ പി.ആര്. രാജീവ് പറഞ്ഞു. തെളിഞ്ഞ വെള്ളമായതുകൊണ്ടാണ് ഇതിനെ കണ്ടെത്താനായത്. പിന്നീട് രണ്ടുവട്ടം ഈ പ്രദേശത്ത് കൂടുതല്‍ ജെല്ലി ഫിഷിന്റെ സാന്നിധ്യം കണ്ടെത്തി.
പഞ്ഞിക്കെട്ട് ഒഴുകി നടക്കുന്നതുപോലെ തോന്നുമെങ്കിലും തൊട്ടാല്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നതാണിത്. ക്രാമ്പിയോനെല്ല ഓര്‍സിനി, അക്രോമിറ്റസ് ഫ്ലജല്ലേറ്റസ് തുടങ്ങിയ ഇനങ്ങളിലെ ജെല്ലി ഫിഷാണ് ഇവ. ഒറ്റക്കും കൂട്ടായും ഇവയെ കാണാം. രണ്ടു വര്‍ഷം വരെയാണ് ആയുസ്സ്. പൂര്‍ണ വളര്‍ച്ചയെത്തിയ ജെല്ലിഫിഷ് ഒന്നരക്കിലോയോളം ഉണ്ടാകും. കരിപ്പട്ടി ചൊറി എന്നാണ് കേരളത്തില്‍ അറിയപ്പെടുന്നത്. കേരള തീരത്തെ ജെല്ലി ഫിഷുകള്‍ക്ക് മാരകവിഷം ഇല്ലെങ്കിലും തൊട്ടാല്‍ ശരീരത്തില്‍ ചൊറിച്ചിലും വീക്കവും സൃഷ്ടിക്കാനാകും.