25.7 C
Pathanāmthitta
Saturday, May 7, 2022 9:44 am

ജസ്‌ന രണ്ടു കുട്ടികളുമായി രാജ്യം വിട്ടു, കേരള പോലീസ് ജസ്‌നയെ കണ്ടെത്തിയിരുന്നു സിബിഐ

തിരുവനന്തപുരം : നാലുവര്‍ഷംമുമ്പ് കേരളത്തില്‍ നിന്ന് കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്ന ജെയിംസിനെ കേരളാ പോലീസ് കണ്ടെത്തിയതായി സ്ഥിരീകരിച്ച്‌ സിബിഐ. രണ്ടു വര്‍ഷം മുമ്പ് വരെ ജെസ്ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടായിരുന്നുവെന്നുള്ള വിവരം സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. കേരളാ പോലീസ് ജെസ്‌നയെ കണ്ടെത്തിയതോടെയാണ് രാജ്യം വിട്ടത്. ഇക്കാര്യം വിമാന ടിക്കറ്റ് പരിശോധനയിലൂടെ ആണ് സ്ഥിരീകരിച്ചത്.

ജെസ്ന നേരത്തെ താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ളവരാണ് ഇക്കാര്യം സിബിഐയെ അറിയിച്ചിരിക്കുന്നത്. ജെസ്ന രണ്ടു കുട്ടികളുടെ അമ്മയാണെന്നും കേരളാ പോലീസ് സംഘം അന്വേഷിച്ച്‌ എത്തിയതോടെ ഇവര്‍ അവിടുന്ന് മുങ്ങുകയായിരുന്നുവെന്നാണ് സിബിഐയ്ക്ക് ലഭിച്ച വിവരം. പത്തനംതിട്ട എസ് പിയായിരുന്ന കെ.ജി സൈമണിന്റെ നേതൃത്വത്തി ലായിരുന്നു ജെസ്‌നയെ കണ്ടെത്തിയതെന്നാണ് സൂചന. ഇതിന് പിന്നാലെ കോവിഡ് ആളികത്തി. ഇതോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ പോലും തടസ്സപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത് ജെസ്‌ന മുങ്ങി.

കേരളാ പോലീസിന്റെ ക്രൈംബ്രാഞ്ചാണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. പെണ്‍കുട്ടി എവിടെയുണ്ടെന്ന് അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. ഇതേകാര്യം പത്തനംതിട്ട എസ്‌പിയായിരുന്ന കെ.ജി. സൈമണ്‍ പറഞ്ഞിരുന്നു. പോലീസിന്റെ അനാസ്ഥയാണ് ജെസ്നയെ വീണ്ടും കാണാതായതിന് പിന്നിലെന്ന് സിബിഐ സംശയിക്കുന്നുണ്ട്. സിറിയയിലേക്ക് ജെസ്ന കടന്നുവെന്നാണ് സംശയം. 2018 മാര്‍ച്ചിലാണ് ജെസ്നയെ കാണാതായത്. അന്നുമുതലുള്ള ടിക്കറ്റുകളാണു പരിശോധിച്ചത്. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്തവരുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഇതിന്റെ ഭാഗമായി സിബിഐ. ലുക്ക്‌ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ടശേഷമാണു പുതിയ നടപടി. കേസില്‍ അന്വേഷണപുരോഗതി അറിയിക്കാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ 12ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ കോടതി അംഗീകരിച്ചിട്ടുണ്ട്. ജെസ്‌നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു സിബിഐയുടെ നിഗമനം. സംഭവം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും മനുഷ്യക്കടത്താണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇസ്ലാമിക രാജ്യത്ത് ജെസ്നയുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇക്കാര്യം ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. ജെസ്‌ന സ്വന്തം താത്പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. വിദേശത്തേക്കു കൊണ്ടുപോയവരെ സിബിഐ. തിരിച്ചറിഞ്ഞിട്ടുണ്ട്.

വീട്ടില്‍നിന്നു കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തില്‍ ജെസ്‌ന എത്തിയതിന്റെ സി.സി. ടിവി ദൃശ്യങ്ങളുണ്ട്. ഇവിടെനിന്നു സ്വകാര്യ ബസില്‍ കയറി. അന്ന് ബസില്‍ യാത്രചെയ്ത രണ്ടുപേരെ തിരിച്ചറിഞ്ഞു. മംഗലാപുരം, ചെന്നൈ, ഗോവ, പുനെ എന്നിവിടങ്ങളിലേക്കും അന്വേഷണം നീണ്ടു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്. അതീവരഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തുര്‍ക്കി, സിറിയ, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നില്‍ ജെസ്നയുണ്ടെന്നാണ് സൂചന. ഇതില്‍ സിറിയയിലാണ് കൂടുതല്‍ സാധ്യത. ഇതെല്ലാം സിബിഐ പരിശോധിക്കുന്നുണ്ട്.

2021 ഫെബ്രുവരിയിലാണ് ജെസ്നയുടെ സഹോദരന്റെ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയില്‍ കേസന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ടശേഷമാണു സിബിഐയുടെ നിര്‍ണായകമായ ചുവടുവെപ്പ്. 2018 മാര്‍ച്ച്‌ 22 ന് രാവിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്ന എരുമേലി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എരുമേലി ബസ് സ്റ്റാന്‍ഡില്‍ മിന്നലില്‍ തകര്‍ന്ന സി സി ടി വി യില്‍ നിന്ന് റിക്കവര്‍ ചെയ്തെടുത്ത ദൃശ്യങ്ങളാണ് അത്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular