റായ്പൂർ:ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസിൽ 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി. 2013ലെ മാവോയിസ്റ്റ് ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരാണ് 2013ലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നന്ദകുമാർ പട്ടേൽ, മഹേന്ദ്ര കർമയടക്കം പ്രമുഖ നേതാക്കളാണ് കൊല്ലപ്പെട്ടത്. ജഗ്ദൽപൂരിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നിർണായക വിധി. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് കോടതി ഈ മാസം 16ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കേസിന്റെ വിചാരണ വേളയിൽ സാക്ഷികളായ 101 പേരുടെ മൊഴികൾ കോടതി വിശദമായി രേഖപ്പെടുത്തിയിരുന്നു. പ്രമീള മോദിയം, ചൈതു ലെക്കാം, സുമിത്ര പുന്നെം മോദിയം, മുക്ക മാണ്ഡവി, കോസ കവാസി, ആയത മാർക്കം, മഡ്കാമി ദേവ, ജോഗ മഡ്കാമി, ബഞ്ചാമി സന്ന, മഹാദേവ് നാഗ് എന്നിവരാണ് കേസിലെ പത്ത് കുറ്റവാളികൾ.
പിടിയിലായ 11 പ്രതികൾക്കെതിരെയായിരുന്നു വിചാരണ നടപടികൾ ആരംഭിച്ചിരുന്നതെങ്കിലും അതിലൊരാൾ വിചാരണക്കാലയളവിൽ മരണപ്പെട്ടിരുന്നു.കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അരവിന്ദ് ചൗധരി വ്യക്തമാക്കി. വിധിപ്പകർപ്പ് ലഭിച്ച ശേഷം അപ്പീലിനുള്ള കാരണങ്ങൾ വ്യക്തമാക്കുമെന്നും ഹൈക്കോടതിയിൽ നിന്ന് പ്രതികൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അരവിന്ദ് ചൗധരി കൂട്ടിച്ചേർത്തു. അതേസമയം കേസിൽ പ്രതി ചേർക്കപ്പെട്ട തങ്ങളുടെ ബന്ധുക്കൾ നിരപരാധികളാണെന്നും ആക്രമണം നടക്കുന്ന സമയത്ത് അവർ ഗ്രാമത്തിലെ വിവാഹച്ചടങ്ങുകളുടെ തിരക്കിലായിരുന്നുവെന്നും ഒരു പ്രതിയുടെ സഹോദരൻ വാദിക്കുന്നത്. യഥാർത്ഥ പ്രതികൾ കീഴടങ്ങി സ്വതന്ത്രമായി ജീവിക്കുമ്പോൾ നിരപരാധികൾ ശിക്ഷിക്കപ്പെടുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
2013 മേയ് 25നാണ് ദർഭ പോലീസ് സ്റ്റേഷൻ പരിധിയിലെ ജിറാം താഴ്വരയിലൂടെയുള്ള ദേശീയപാതയിൽ വച്ച് മാവോയിസ്റ്റുകൾ കോൺഗ്രസിന്റെ പരിവർത്തൻ റാലിക്ക് നേരെ പതിയിരുന്ന് ആക്രമണം നടത്തിയത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച റാലിക്ക് നേരെ ഉണ്ടായ ഈ ആക്രമണത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നന്ദ് കുമാർ പട്ടേൽ, അദ്ദേഹത്തിന്റെ മകൻ ദിനേശ്, നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ്മ, മുൻ കേന്ദ്രമന്ത്രി വിദ്യാ ചരൺ ശുക്ല, മുൻ എം.എൽ.എ ഉദയ് മുതലിയാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളും സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.































