ഡല്‍ഹി: ജെ.എന്‍.യുവിലെ സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു. ധനഞ്ജയ് സിങ് എന്ന അധ്യാപകനാണ് രാജിവെച്ചത്. അക്രമി സംഘത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഹോസ്റ്റല്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമായി. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയുണ്ടായ സംഭവങ്ങളില്‍ ആദ്യ എഫ്.ഐ.ആറാണ് റജിസ്റ്റര്‍ ചെയ്തത്. മൂന്നു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു. അക്രമം തടയാന്‍ ഇടപെട്ടില്ലെന്ന ആരോപണവും പോലീസ് നിഷേധിച്ചു.
ജെ.എന്‍.യു വിദ്യാര്‍ഥി പ്രതിനിധികളുമായി ലഫ്റ്റന്റ് ഗവര്‍ണര്‍ ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ചയ്ക്കായി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. ഫീസ് വര്‍ധനയ്‌ക്കെതിരായ സമരത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. വൈസ് ചാന്‍സലര്‍ എം.ജഗദേഷ് കുമാര്‍ രാജി വയ്ക്കണമെന്നും വിദ്യാര്‍ഥി യൂണിയന്‍ ആവശ്യപ്പെട്ടു.
അക്രമികളെ ആദ്യം അറസ്റ്റ് ചെയ്യണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. എ.ബി.വി.പി പ്രവര്‍ത്തകരാണ് അക്രമികളെന്ന് വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചു. ഇടതുസംഘടനാ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് എ.ബി.വി.പിയുടെ നിലപാട്. അക്രമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഡല്‍ഹി പോലീസ് ആസ്ഥാനത്ത് നടന്ന ഉപരോധം പുലര്‍ച്ചെയാണ് അവസാനിപ്പിച്ചത്.