കോന്നി : കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് പരിധിയിലെ കല്ലേലി ഹാരിസൺ മലയാളം പ്ലാൻ്റേഷൻ എസ്റ്റേറ്റിനുള്ളിലെ ഡിസ്പൻസറിക്കുള്ളിൽ കയറിയ രാജവെമ്പാലയെ വനംവകുപ്പ് സ്ട്രൈക്കിംഗ് ഫോഴ്സിന്റെ നേതൃത്വത്തിൽ വാവ സുരേഷ് പിടികൂടി.
കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് പ്രദേശം. പന്ത്രണ്ട് അടി നീളവും മൂന്നരവയസ് പ്രായവുമുള്ള പെൺ വർഗത്തിൽ പെട്ട രാജവെമ്പാലയെയാണ് പിടികൂടിയത്. ഇതിനെ കരിപ്പാൻതോട് വനമേഖലയിൽ വിട്ടയച്ചതായി വനപാലകർ അറിയിച്ചു. വാവ സുരേഷ് പിടികൂടുന്ന 175മത്തെ രാജവെമ്പാലയാണിത്. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ഡിനിഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ ബാബു, മിഥുൻ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.