ന്യൂഡല്‍ഹി : ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്‌സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ജെഎന്‍യുവിലെ മൂന്ന് പ്രൊഫസര്‍മാരാണ് സിസിടിവി ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രൊഫസര്‍മാരുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസില്‍നിന്നും വിശദീകരണം തേടി. സിസിടിവി ദൃശ്യങ്ങള്‍ക്കായി സര്‍വകലാശാല അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ അധികൃതരില്‍നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായില്ലെന്നുമായിരുന്നു പോലീസിന്റെ വാദം. രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ ആരാഞ്ഞ് വാട്‌സാപ്പിന് കത്തയച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.