ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട ജെ.എന്‍.യു ഇന്ന് തുറക്കും. ഐഷി ഘോഷ് ഉൾപ്പടെ 9 പേരോട് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനാണ് വിദ്യാർത്ഥികൾ ആലോചിക്കുന്നത്.
ഹോസ്റ്റൽ ഫീസ് വർധനയെ തുടർന്ന് ദിവസങ്ങളായി ക്ലാസുകൾ മുടങ്ങിയിരുന്ന ജെ.എൻ.യു.വിൽ ഇന്ന് അധ്യയനം പുനരാരംഭിക്കും. ശൈത്യകാല സെമസ്റ്റർ രജിസ്ട്രേഷനും നടക്കും. വർധിപ്പിച്ച ഫീസ് അടക്കാതെ രജിസ്റ്റർ ചെയ്യാമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പടെ 9 പേർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. പോലീസ് പ്രതിചേർത്ത ഏഴ് ഇടത് സംഘടന പ്രവർത്തകരെയും രണ്ട് എബിവിപി പ്രവർത്തകരെയും അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
മുഖം മൂടി ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ 37 പേരോടും ഹാജരാകാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ജെ.എൻ.യു ചട്ടം ലംഘിച്ചാണ് ഹോസ്റ്റൽ മാന്വൽ കൊണ്ടുവന്നതെന്ന് ആരോപിച്ച് ഹര്‍ജി നൽകാനും പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും ആണ് വിദ്യാർത്ഥികൾ ആലോചിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ശശി തരൂർ എം.പി ഇന്നലെ ക്യാമ്പസിലെത്തിയിരുന്നു. ആക്രമണം ആസൂത്രിതമാണെന്ന് കോൺഗ്രസിന്റെ വസ്തുതാ അന്വേഷണ സമിതി കുറ്റപ്പെടുത്തിയിരുന്നു.