തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ആമഴയിഴഞ്ചാൻ കനാലിൽ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത് മരിച്ച യുവാവിന്റെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യമാവശ്യപ്പെട്ട് ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ചു. എന്നാൽ തോട് വ്യത്തിയാക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായിട്ടില്ലെന്നാണ് റെയിൽവേ എഡിആർഎം എം ആർ വിജി പറയുന്നത്. റെയിൽവേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപ്പറേഷനാണെന്നാണ് റെയിൽവേയുടെ നിലപാട്.
അതേസമയം ജോയിയുടെ മരണത്തിൽ ഹൈക്കോടതിയും ഇടപെട്ടിരിക്കുകയാണ്. കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തി ആമയിഴഞ്ചാൻ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും മുനിസിപ്പൽ കോര്‍പറേഷനും റെയിൽവേയും ചേര്‍ന്ന് ഈ മാസം 19 ന് മുൻപ് നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.