കൊച്ചി : കോൺഗ്രസ് സമരത്തിനിടെ കാർ തകർത്ത കേസിൽ നടൻ ജോജു ജോർജ് നിയമ നടപടികളുമായി മുന്നോട്ട്. കേസിൽ കക്ഷി ചേരുന്നതിനായി ജോജു അപേക്ഷ നൽകി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. വ്യക്തി അധിക്ഷേപം തുടരുന്നത് കോടതി ഇടപെട്ട് തടയണമെന്ന് ജോജുവിൻ്റെ അപേക്ഷയിൽ പറയുന്നു. ജോർജും കോൺഗ്രസും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലേക്കെന്ന് ഇന്നലെ വാർത്ത വന്നിരുന്നു.
പ്രശ്‌നം പരിഹരിക്കാൻ മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്നും ഷിയാസ് വ്യക്തമാക്കി. ജോജുവിന്റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്‍ന പരിഹാരത്തിനായി ചർച്ചകൾ നടത്തിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾ ഒളിവിൽ ആയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ട് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടഞ്ഞ സമയത്ത് പിന്നിൽനിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകർക്കുകയായിരുന്നു എന്നാണ് മുഖ്യപ്രതി ജോസഫിൻ്റെ മൊഴി. ഗ്ലാസ് തകരുന്നതിനിടയിലാണ് കൈക്ക് പരുക്കേറ്റതെന്നും പ്രതി സമ്മതിച്ചിരുന്നു. ദേശീയ പാത ഉപരോധിച്ച കേസിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. ജോജുവിന്റെ കേസ് സംബന്ധിച്ച തുടർ നടപടികൾ യോഗം ചർച്ച ചെയ്യും.
ഇതിനിടെ വൈറ്റിലയിൽ ഉപരോധ പ്രതിഷേധത്തിനിടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയിൽ യൂത്ത് കോൺഗ്രസ് മധുരം വിതരണം നടത്തിയിരുന്നു. ഇതിനിടെയാണ് വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നേതാക്കൾ ഖേദപ്രകടനം നടത്തിയത്.