തിരുവനന്തപുരം : നടൻ ജോജു ജോർജിനെതിരെ നടന്ന അതിക്രമങ്ങളിൽ പ്രതികരിക്കാത്ത താരസംഘടന അമ്മക്കെതിരെ രൂക്ഷ വിമർശനവുമായി നടനും പത്തനാപുരം എംഎൽ.എയുമായ കെ.ബി. ഗണേഷ് കുമാർ. വിഷയത്തിൽ എന്തു കൊണ്ട് അമ്മ മൗനം പാലിച്ചെന്ന് മനസിലാകുന്നില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും അപലപിച്ചപ്പോൾ അമ്മ ജനറൽ സെക്രട്ടറി മൗനം പാലിച്ചു.
ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത്. അഭിപ്രായം തുറന്നു പറയണം. അമ്മയുടെ സമീപനം മാറ്റണം. ജനറൽ സെക്രട്ടറി ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. അടുത്ത അമ്മ യോഗത്തിൽ പ്രതിഷേധം അറിയിക്കും. ജോജുവിനെ ആക്രമിച്ച നടപടി അപലപനീയവും ദൗർഭാഗ്യകരവുമാണ്.
ജോജുവിന്‍റെ വാഹനം തല്ലിതകർത്ത യൂത്ത്കോൺഗ്രസിന്‍റെ നടപടി തെറ്റായിപ്പോയെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായും രാഷ്ട്രീയമായും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. വ്യക്തികൾ അവരുടെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പറയാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.