ന്യൂഡല്‍ഹി : രാജ്യസഭാംഗത്വം രാജിവെച്ചുകൊണ്ടുളള ജോസ് കെ മാണിയുടെ രാജിക്കത്ത് രാജ്യസഭ ഉപാദ്ധ്യക്ഷന്‍ സ്വീകരിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നും ജോസ് കെ മാണി മത്സരിക്കും. ഇതിനുമുന്നോടിയായാണ് ഇപ്പോള്‍ രാജിക്കത്ത് നല്‍കിയത്. ജോസിന്റെ രാജിയെ തുടര്‍ന്ന് ഒഴിവുവരുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയാകും ലഭിക്കുക.
എല്‍.ഡി.എഫിലെത്തിയ ശേഷവും യു.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ നേടിയ രാജ്യസഭാംഗത്വം രാജിവെയ്‌ക്കാത്തതിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജോസഫ് വിഭാഗവുമായുളള കേസിനെ തുടര്‍ന്ന് രാജി തീരുമാനം കുറച്ച്‌നാള്‍ നീണ്ടുപോയി. ഒടുവില്‍ രാജി നല്‍കാന്‍ നിയമോപദേശം ലഭിച്ചതിന് ശേഷമാണ് ജനുവരി ഒന്‍പതിന് രാജ്യസഭാദ്ധ്യക്ഷന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് ജോസ്.കെ മാണി രാജി സമര്‍പ്പിച്ചത്.
നിലവില്‍ പാലായില്‍ നിന്നുളള നിയമസഭാംഗമായ മാണി.സി .കാപ്പനും എന്‍സിപിയും ജോസിന് പാലാ സീറ്റ് നല്‍കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ജോസ്.കെ.മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാല്‍ സീറ്റ് വിട്ടുതരില്ലെന്നായിരുന്നു എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്‌റ്റര്‍ അറിയിച്ചത്.