കോട്ടയം : രാജ്യസഭ തെരഞ്ഞെടുപ്പിലും ഇടത് സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
പി.ജെ. ജോസഫ് വിഭാഗം നല്‍കിയ വിപ്പ് അംഗീകരിക്കില്ല. പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിനാല്‍ മുന്നണിക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. എന്നാല്‍ ജോസഫ് വിഭാഗത്തിന്റെ നിലപാട് യു.ഡി.എഫിന് അനുകൂലമാണ്.
നാളെ നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പും അവിശ്വാസ പ്രമേയവും ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസിലെ അഞ്ചംഗങ്ങള്‍ക്ക് യു.ഡി.എഫ് മൂന്നുവരി വിപ്പ് നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലെ ചര്‍ച്ചകളിലും സ്വീകരിക്കേണ്ട യു.ഡി.എഫ് നിലപാടാണ് സണ്ണി ജോസഫ് നല്‍കിയ വിപ്പിലൂടെ നിര്‍ദേശിച്ചിട്ടുള്ളത്. നിയമസഭാ നടപടികളില്‍ മൂന്നുവരി വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മുന്നണിയുടെ വിപ്പിന് എത്രമാത്രം നിയമസാധുതയുണ്ടാകുമെന്ന സംശയവുമുണ്ട്. പാര്‍ട്ടി നിലപാടുകളുടെ അടിസ്ഥാനത്തില്‍ സ്വന്തം അംഗങ്ങള്‍ക്ക് അതത് പാര്‍ട്ടിയാണ് വിപ്പ് നല്‍കേണ്ടത്. ഇതനുസരിച്ച് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും പരസ്പരം വിപ്പ് നല്കി. ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഇരുപക്ഷവും നല്‍കിയിട്ടുണ്ട്.