കോട്ടയം : കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ഉറപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് സൂചന. യു.ഡി.എഫിലേക്ക് ജോസ് കെ മാണിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നേതാക്കള്‍ അവസാനിപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണി മുന്നണിയിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
അതേസമയം കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച ശേഷമുള്ള നിര്‍ണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. രണ്ടില ചിഹ്നത്തില്‍ മത്സരിച്ചശേഷം കൂറുമാറ്റം നടത്തിയ ജനപ്രതിനിധികള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളാണ് പ്രധാന അജന്‍ഡ.
ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് അയോഗ്യരാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ജോസഫ് പക്ഷത്തു നിന്ന് മടങ്ങി വരാന്‍ തയാറാകാത്ത തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നോട്ടിസ് അയയ്ക്കാനുള്ള തീരുമാനത്തിന് സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കും. മുന്നണി പ്രവേശനവും കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രവും ചര്‍ച്ച ചെയ്യും.
ഇടതുമുന്നണി പ്രവേശനത്തോടുള്ള താത്പര്യമാണ് ജില്ലാ കമ്മറ്റികളില്‍ ഉണ്ടായത്. ഇടതുമായി രഹസ്യധാരണ ഉണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍ പരമാവധി സീറ്റ് ഉറപ്പാക്കുക എന്ന തന്ത്രവും ആലോചിക്കുന്നു. ജോസ് ചെയര്‍മാന്‍ പദവി ഉപയോഗിക്കുന്നതിനെതിരെ ജോസഫ് തൊടുപുഴ കോടതിയില്‍ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയോടെ ജോസ് സ്വയം ചെയര്‍മാനായെന്ന് പ്രഖ്യാപിച്ചത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വീണ്ടും കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യും.