കോട്ടയം : കോണ്‍ഗ്രസിനോട് ഇടഞ്ഞ ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ ജോസഫ് വിഭാഗം നേതാക്കള്‍ രംഗത്ത്. മോന്‍സ് ജോസഫും ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസും ലതികയെ കാണാന്‍ വീട്ടിലെത്തി. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുതെന്ന് ലതികയോട് പ്രിന്‍സ് അഭ്യര്‍ഥിച്ചു. എന്നാല്‍ നിങ്ങള്‍ വന്ന സമയം താമസിച്ചുപോയെന്നും ക്ഷമിക്കണമെന്നും പ്രിന്‍സിനോട് ലതിക പറഞ്ഞു.
താനൊരു രാഷ്ട്രീയക്കാര്‍ക്കും അപ്രാപ്യയല്ല. ഒരുപാട് കടബാധ്യതയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരാണ് എല്ലാം. നേതാക്കളെക്കാളും പിന്തുണയേകുന്നവരാണ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസുമായി അനുനയനീക്കം ഇനിയല്ലെന്നും ലതിക വ്യക്തമാക്കി.
എന്നാല്‍ ലതികയുടെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ദൗര്‍ഭാഗ്യകരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ലതികയ്ക്കും ഭര്‍ത്താവിനും നേരത്തെ സീറ്റ് നല്‍കിയിട്ടുണ്ട്. ഇത്തവണ സീറ്റ് നല്‍കാതിരുന്നത് മനപ്പൂര്‍വമല്ല. 15 സീറ്റ് സ്ത്രീകള്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. ചിലര്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു.