തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് എ.ജയകുമാറിനെതിരെ രൂക്ഷവിമർശനവുമായി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ച ഗായകൻ വേടനെ ഡൽഹിയിലെ ‘ജനോത്സവത്തിൽ’ പങ്കെടുപ്പിക്കാൻ മുൻകൈയെടുത്തതും വേടന്റെ വിവാഹത്തിന് മുഖ്യ കാർമ്മികത്വം വഹിച്ചതും ഗൃഹപ്രവേശത്തിന് രുദ്രാക്ഷമാല സമ്മാനിച്ചതും വിശേഷാൽ സമ്പർക്ക പ്രമുഖ് ആയിരുന്ന ജയകുമാറായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അനില്‍ നമ്പ്യാര്‍ പറയുന്നു. വേടന്റെ ഡൽഹിയിലെ പരിപാടിയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ നിലനിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്ത് എത്തിയിരുന്നു. വേടനെ അധിക്ഷേപിച്ച് ആർഎസ്‌എസ് വാരികയായ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധുവും ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയും നേരത്തെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതെ വേടനുവേണ്ടി രംഗത്ത് എത്തിയത് ആര്‍എസ്എസ് നേതാവാണെന്ന് പറയുകയാണ് അനില്‍ നമ്പ്യാര്‍. ‘ആദർശ’വും ‘സത്യസന്ധത’യും കൈമുതലാക്കിയെന്ന് അവകാശപ്പെടുന്ന ജയകുമാറാണ് വേടനെ പിൻവാതിലിലൂടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുന്നിൽ നിന്നതെന്ന് പോസ്റ്റിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാപകമായ അധിക്ഷേപങ്ങൾ ഉയർന്നപ്പോൾ, ജനോത്സവത്തിൽ വേടന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് പരസ്യമായി നിലപാടെടുക്കാൻ ധൈര്യം കാണിച്ചത് താൻ മാത്രമാണ്. അന്നൊന്നും പ്രതികരിക്കാനുള്ള ആർജ്ജവം ജയകുമാറിനുണ്ടായിരുന്നില്ലെന്നും അനിൽ നമ്പ്യാർ പറഞ്ഞു.






























