പത്തനംതിട്ട : കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനേ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹർജിക്കാരന് വാദം അവതരിപ്പിക്കാമെന്ന് ഹൈക്കോടതി. എന്നാല്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ എരുമേലി മുക്കൂട്ടുതറ സ്വദേശി ദിലീപ് മാത്യു നല്‍കിയ ഹര്‍ജി ഈ ഘട്ടത്തില്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നീതിയുടെ താല്പര്യം മുന്‍നിർത്തി കേസില്‍ ഇടപെടാന്‍ അനുവദിച്ച് ദിലീപിന്‍റെ വാദം കേള്‍ക്കാമെന്നും വാദങ്ങള്‍ രേഖാമൂലം നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജയിംസ് വെച്ചൂച്ചിറ പോലീസില്‍ പരാതി നല്‍കിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ഇതുവരെ ജെസ്‌നയെ കണ്ടെത്താനായില്ല. പിന്നീട് സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്തും ജെസ്‌നയുടെ സഹോദരന്‍ ജെയ് ജോണും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
കേസില്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളില്‍ വീഴ്ചയുണ്ടെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അവസരം വേണമെന്നുമാണ് ദിലീപിന്‍റെ ഹര്‍ജിയിലെ ആവശ്യം. ദിലീപിൻ്റെ ഹർജിയും ഹൈക്കോടതിയുടെ മുൻപിൽ എത്തിയതോടെ ജസ്ന മരിയ ജെയിംസിൻ്റെ തിരോധാനത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.