ന്യൂഡല്‍ഹി : ദേശീയ ഷൂട്ടിങ് താരം സുഖ്മാന്‍പ്രീത് സിങ് സിദ്ധു (സിപ്പി സിദ്ധു)വിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് സബിനയുടെ മകളായ കല്ല്യാണി സിങ്ങിനെ സിബിഐ കസ്റ്റഡിയിലെടുത്തു. 2015 സെപ്തംബര്‍ 20നാണ് സിപ്പി സിദ്ധുവിന്റെ മൃതദേഹം വെടിവെച്ച് കൊലപ്പെടുത്തിയ നിലയില്‍ ഛണ്ഡീഗഢിലെ പാര്‍ക്കില്‍ കണ്ടെത്തിയത്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്‌എസ് സിദ്ധുവിന്റെ ചെറുമകന്‍ കൂടിയാണ് കോര്‍പ്പറേറ്റ് അഭിഭാഷകനും ദേശീയ ഷൂട്ടിങ്ങ് താരവുമായ സിപ്പി സിദ്ധു.
2016ലാണ് കേസന്വേഷണം സിബിഐക്ക് കൈമാറിയത്. കൊലപാതകത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സിബിഐ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കല്ല്യാണി സിങ്ങിന്റെ പങ്ക് സിബിഐ കണ്ടെത്തിയത്. കല്യാണി മുഖ്യപ്രതിയെ സഹായിച്ചയാളാണെന്നാണ് സൂചന. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കല്ല്യാണിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കല്ല്യാണി സിങ്ങിനെ അടുത്ത നാല് ദിവസം സിബിഐ ചോദ്യം ചെയ്യും. മുഖ്യപ്രതിയെ സംബന്ധിച്ചുള്ള വിവരം അടക്കം കൂടുതല്‍ കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.






























