കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം നിവാസികൾക്കു വേണ്ടി നൽകിയ ഹർജിയിൽ മൂന്നംഗ വഖഫ് ട്രൈബ്യൂണൽ ഏപ്രിൽ ഏഴിന് വിധി പറയും. അഭിഭാഷകരുടെ വാദം കേട്ട ശേഷമാണ് കേസ് വിധിപറയാൻ മാറ്റിയത്. മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെയടക്കം ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ ട്രൈബ്യൂണൽ പരിഗണിക്കുന്ന രണ്ട് അപ്പീലുകളിൽ കക്ഷി ചേരണമെന്നാണ് ആവശ്യം. കക്ഷി ചേരാനുള്ള മറ്റു രണ്ട് ഹർജികൾ നേരത്തേ ട്രൈബ്യൂണൽ തള്ളിയിരുന്നു. വഖഫ് സംരക്ഷണ വേദി, അഖില കേരള വഖഫ് സംരക്ഷണ സമിതി എന്നിവയുടെ ഹർജികളാണ് തള്ളിയത്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തവരും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകൾ. നിസാർ കമീഷന്റെ റിപ്പോർട്ട് വന്നതോടെ സർവേയടക്കമുള്ള തുടർ നടപടിയെടുക്കാതെ സ്വമേധയാ ബോർഡ് സ്ഥലമേറ്റെടുത്തെന്നാണ് അഡ്വ.കെ.പി. മായൻ, അഡ്വ.വി.പി. നാരായണൻ എന്നിവർ മുഖേന ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ അപ്പീലിലെ വാദം.