തിരുവനന്തപുരം :യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വൈദ്യുതി കരാര്‍ റദ്ദാക്കി പിണറായി സര്‍ക്കാര്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടത് കൊടിയ അഴിമതിയണെന്നും ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. യുഡിഎഫ് സര്‍ക്കാരിന്റെ കരാര്‍ പ്രകാരം യൂണിറ്റിന് 4 രൂപ 15 പൈസ മുതല്‍ 4 രൂപ 29 പൈസ വരെ മാത്രമായിരുന്നു നിരക്ക്.എന്നാല്‍ അത് റദ്ദാക്കി പുതിയ കരാറില്‍ പിണറായി സര്‍ക്കാര്‍ ഒപ്പുവെച്ചപ്പോള്‍ യൂണിറ്റിന് 10 രൂപ മുതല്‍ 14 രൂപവരെ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. യുഡിഎഫ് കരാര്‍ പ്രകാരം കമ്പനികള്‍ 2040 വരെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കണമായിരുന്നു. ഇതേ കമ്പനികളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യതി വാങ്ങുമ്പോള്‍ 2000 കോടിയോളം രൂപയാണ് കമ്പനികള്‍ക്ക് ലാഭമുണ്ടാകുന്നത്. ഇതു കേരളം കണ്ട വലിയ അഴിമതിയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദീര്‍ഘകാലത്തേക്ക് കുറഞ്ഞ നിരക്കില്‍ ലഭിച്ചുകൊണ്ടിരുന്ന കരാര്‍ റദ്ദാക്കിയതാണ് ഇപ്പോഴത്തെ അടിക്കടിയുള്ള വിലവര്‍ധനവിന് കാരണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അഞ്ചു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 16 പൈസയാണ് കൂട്ടിയത്. ഈ വര്‍ഷം 16 പൈസ കൂട്ടിയതിനൊപ്പം മാര്‍ച്ച് മാസം കഴിഞ്ഞാല്‍ ഉടന്‍ തന്നെ 12 പൈസ കൂടി കൂട്ടും. 250 യൂണിറ്റ് ഉപയോഗിക്കുന്ന സാധാരണക്കാരന് 50 രൂപയോളം കൂടുതല്‍ നല്‍കേണ്ടി വരും. മാര്‍ച്ച് മാസം കഴിഞ്ഞാല്‍ ഇത് നൂറു രൂപയില്‍ കൂടുതലാകും. ഇരട്ടിയിലേറെ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഉപയോക്താക്കളെയും കെ.എസ്.ഇ.ബിയെയും പ്രതിസന്ധിയിലാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി നടത്തി പണമുണ്ടാക്കുമ്പോള്‍ ബാധ്യത ജനങ്ങളുടെ ചുമലിലാണ്. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ പുറത്തുവരുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.