കൊച്ചി : 30 വയസില്‍ താഴെയുള്ള ജൂനിയര്‍ അഭിഭാഷകര്‍ക്കു കേരള ബാര്‍ കൗണ്‍സില്‍ മൂന്നു വര്‍ഷം പ്രതിമാസം 5000 രൂപ വീതം സ്‌റ്റൈപ്പന്റ് നല്‍കും.ഇതു സംബന്ധിച്ചു വിജ്‌ഞാപനം പുറപ്പെടുവിച്ചു. സന്നതെടുത്ത് ആദ്യ മൂന്നുവര്‍ഷമാണു സ്‌റ്റെപെന്റ് നല്‍കുന്നത്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്‌ക്കു താഴെയാകണമെന്നു നിബന്ധനയുണ്ട്. അഭിഭാഷക വൃത്തിയിലെ തുടക്കക്കാര്‍ക്ക് ഇതു സഹായകമാകും. അഭിഭാഷക ക്ഷേമനിധിയില്‍ നിന്നാകും സഹായം നല്‍കുക.
ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതവുമുണ്ട്. കോവിഡ് കാലത്തു തൊഴില്‍ നഷ്‌ടപ്പെട്ടെന്നും ജീവിതം ദുരിതമാണെന്നും ബാര്‍ കൗണ്‍സില്‍ അടിയന്തരമായി സഹായം അനുവദിക്കണമെന്നും കാണിച്ച് യുവ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാനായിരുന്നു സര്‍ക്കാരിനോടും ബാര്‍ കൗണ്‍സിലിനോടും കോടതി നിര്‍ദ്ദേശിച്ചത്. പദ്ധതിക്കു 2018-ല്‍ സംസ്‌ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. എന്നാല്‍ ബാര്‍ കൗണ്‍സില്‍ തീരുമാനവും നടപടിയും വൈകി. ഇതിനായി ബാര്‍ കൗണ്‍സില്‍ ചട്ടത്തില്‍ ഭേദഗതി ആവശ്യമായിരുന്നു.