കൊച്ചി : എല്ലാവർക്കും സൗജന്യ നിരക്കിൽ ഇന്റർനെറ്റ് എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കെ.ഫോൺ പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക്. സർക്കാർ ഓഫീസുകളും സ്‌കൂളുകളും ഉൾപ്പെടെ ജില്ലയിലെ 639 സ്ഥാപനങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള കേബിൾ ശൃംഖല സ്ഥാപിക്കലാണ് പദ്ധതിയുടെ ആദ്യഘട്ടം.
ഇതിന്റെ ഭാഗമായി എട്ട് കെഎസ്‌ഇബി സബ് സ്‌റ്റേഷനുകൾക്കുകീഴിലെ പ്രദേശങ്ങളിൽ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. ഈമാസം അവസാനത്തോടെ ആദ്യഘട്ടം പൂർത്തിയാകുമെന്ന് കെ ഫോൺ സോണൽ ഇൻ ചാർജ് ജിനു ജോൺ പറഞ്ഞു.
കാക്കനാട് ഇൻഫോ പാർക്കിലാണ് സംസ്ഥാനത്തെ കെ ഫോൺ ശൃംഖലയുടെ നെറ്റ്‌വർക് ഓപ്പറേഷൻ സെന്റർ (എൻഒസി). ഇത് ജില്ലയിലെ കെ ഫോൺ ശൃംഖലയ്‌ക്ക് വലിയ ഗുണം ചെയ്യും. ജില്ലയിലെ കേബിൾ ശൃംഖലയിലെ പ്രധാന കേന്ദ്രം (കോർ) കെഎസ്‌ഇബി കളമശേരി സബ് സ്‌റ്റേഷനാണ്. അവിടെനിന്നാണ് കെഎസ്‌ഇബിയുടെ വിവിധ സബ്‌സ്‌റ്റേഷനുകളിലെ പോയിന്റ് ഓഫ് പ്രസൻസി (പോപ്)ലേക്കും അവിടെനിന്ന് ഗുണഭോക്താവിലേക്കും ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല നീളുന്നത്.
കളമശേരി, ആലുവ, പെരുമ്പാവൂർ, കോതമംഗലം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പിറവം, കണ്ടനാട് എന്നീ സബ് സ്‌റ്റേഷനുകൾക്കുകീഴിലെ പ്രദേശങ്ങളാണ് ആദ്യഘട്ട കേബിൾ ശൃംഖലയിൽ ഉൾപ്പെടുന്നത്. 600 കിലോമീറ്ററോളം കേബിളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത്. കളമശേരി കെഎസ്‌ഇബി സബ്‌സ്‌റ്റേഷനിലെ കോർ സെന്ററിന്റെ നിർമാണം ജനുവരിയിൽ ആരംഭിച്ചെങ്കിലും ലോക്ക്‌ഡൗണും കോവിഡ് നിയന്ത്രണങ്ങളുംമൂലം മുടങ്ങി.
വൈദ്യുതിക്കാലുകളിലൂടെ വലിക്കുന്ന കേബിളുകളിൽ സ്‌ട്രീറ്റ് ബോക്‌സുകൾ ഘടിപ്പിച്ചാണ് കണക്‌ഷൻ നൽകുന്നത്. ഈ പ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കും അക്ഷയ സെന്ററുകൾക്കും സ്‌കൂളുകൾക്കും കണക്‌ഷൻ നൽകാനുള്ള സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. കെഎസ്‌ഇബിയുടെ വിവിധ ജോലികൾ നടക്കുന്നിടത്ത് ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ വലിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഉദ്ദേശം 70 കിലോമീറ്റർ കേബിൾമാത്രമാണ് ഇനി സ്ഥാപിക്കാനുള്ളത്. 80 ശതമാനം ജോലികളും പൂർത്തിയായി. ജില്ലയിലെ കെഎസ്‌ഇബി സർക്കിളുകളിലെ പോപുകളിൽനിന്ന് സർക്കാർ ഓഫീസുകൾ ഉൾപ്പെടെ 2004 സ്ഥാപനങ്ങൾക്കാണ് കണക്‌ഷൻ നൽകേണ്ടത്.
ജില്ലയിലാകെ 48 ഇലക്‌ട്രിക്കൽ സബ്‌സ്‌റ്റേഷനുകളാണുള്ളത്. അടുത്തഘട്ടങ്ങളിൽ ആ പ്രദേശങ്ങളിലെ കേബിൾ വലിക്കൽ തുടങ്ങും. 20 ലക്ഷത്തോളം വീടുകളിലേക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്‌ഷൻ നൽകാനും ജില്ലാടിസ്ഥാനത്തിൽ രണ്ടായിരത്തോളം വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കാനുമുള്ള കേബിൾ ശൃംഖലയാണ് അടുത്തഘട്ടങ്ങളിൽ തയ്യാറാകുന്നത്.