മലപ്പുറം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചന്ദ്രികയിലെ ലേഖനത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ പി എ മജീദ് രംഗത്ത്. ‘വലതുപക്ഷ സി പി എമ്മും സി പി ഐയുടെ നിലനിൽപ്പും എന്ന ലേഖനം, യു ഡി എഫിലേക്ക് സി പി ഐ തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതല്ലെന്ന് മജീദ് വ്യക്തമാക്കി. യു ഡി എഫിൽ അങ്ങനെയൊരു ആലോചന ഇല്ല. യു ഡി എഫിലേക്ക് സി പി ഐ വരണമെന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിലെ ആഭ്യന്തര കാര്യമാണ് ഉപനേതാവ് തർക്കം. അക്കാര്യത്തിൽ യു ഡി എഫ് ഇടപെടില്ല.
സി പി ഐക്കെതിരെ നിരന്തരമായി ആക്ഷേപങ്ങൾ കാണുമ്പോൾ തനിക്കുണ്ടായ സഹതാപവും വേദനയുമാണ് ചന്ദ്രിക ലേഖനത്തിലുള്ളതെന്നും ലീഗ് ദേശീയ ഉപാധ്യക്ഷൻ വിവരിച്ചു. നിസ്സാരമായ പ്രതിപക്ഷ ഉപനേതാവ് പദവിയാണ് അവർ ചോദിക്കുന്നത്. നിരന്തരമായി അവരെ അവഗണിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നും. അതാണ് ഞാൻ ലേഖനത്തിൽ കുറിച്ചത്. സി പി ഐ – ലീഗ് കോൺഗ്രസ് ബന്ധത്തിന് വളരെ പഴക്കമുണ്ട്. സി പി ഐ ചെറുതാണെങ്കിലും യു ഡി എഫിന്റെ കൂടെ നിന്ന് കേരളത്തിൽ ഭരണത്തിൽ ഇരിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. സി പി ഐയുടെ അംഗസംഖ്യയിൽ അല്ല നിലപാടിലാണ് കാര്യമെന്നും മജീദ് അഭിപ്രായപ്പെട്ടു.






























