മുംബൈ : കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക് രോഗം പിടിപെട്ടിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ കുടുംബം പരാതി നൽകി. എന്നാൽ കടയിൽ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കി എന്നാണ് ജനക്കൂട്ടം ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽനിന്നും കാലാവധി കഴിഞ്ഞ ബിസ്കറ്റുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
എന്നിട്ടും കടയുടമയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ജനക്കൂട്ടം ഉദ്യോഗസ്ഥനെതിരെ തിരിയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥനെ തടഞ്ഞുവയ്ക്കുകയും ബിസ്‌ക്കറ്റുകൾ വായിലേക്ക് തിരുകാൻ ശ്രമിക്കുകയും ചെയ്തു. അടുത്തിടെയായി മഹാരാഷ്ട്ര ഭക്ഷ്യ സുരക്ഷാ വിഭാഗം ഒട്ടേറെ റെയ്ഡുകൾ നടത്തി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ അവസരത്തിലാണ് ഉദ്യോഗസ്ഥനു നേരെ കൈക്കൂലി ആരോപണം ഉയർന്നത്.






























