കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കെപിഎ മജീദ് ഒരു വിഷയം തുറന്നു കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തലത്തില്‍ വിഷയം ഔദ്യോഗികമായി ആലോചിച്ചിട്ടില്ല. മജീദ് ഒരു അക്കാദമിക് കാഴ്ചപ്പാടോടെയാണ് ലേഖനത്തില്‍ കാര്യം വ്യക്തമാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണിയിലെ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുന്നതിനിടെയാണ് ചന്ദ്രികയില്‍ കെ.പി.എ മജീദിന്റെ ലേഖനം വരുന്നത്. സിപിഐയെ പ്രശംസിച്ച ലേഖനത്തില്‍ മുമ്പ് മുസ്‌ലിം ലീഗും സിപിഐയും കോണ്‍ഗ്രസും ഒന്നിച്ചുഭരിച്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ പാകിയതെന്ന് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സിപിഐ മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ മാത്രമേ ചര്‍ച്ചയുടെ ആവശ്യമുള്ളൂ എന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരണം. എല്‍ഡിഎഫില്‍ തങ്ങള്‍ പൊരിവെയിലത്താണോ തണലത്താണോ ഉള്ളതെന്ന് ചിന്തിക്കേണ്ടത് സിപിഐയാണ്. തങ്ങളുടെ അഭിപ്രായത്തില്‍ അവരിപ്പോള്‍ നില്‍ക്കുന്നത് പൊരിവെയിലത്താണെന്നും പിഎംഎ സലാം പറഞ്ഞു. ചന്ദ്രികയിലെ ലേഖനം ഏതെങ്കിലും പാര്‍ട്ടിയെ ക്ഷണിക്കുന്നതല്ല. ക്ഷണം എന്ന വാക്ക് ലേഖനത്തില്‍ ഇല്ല. ഇടതുമുന്നണിയില്‍ സിപിഐ അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിലുള്ളതെന്നും പിഎംഎ സലാം പറഞ്ഞു.































