തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. പരിശോധനയില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബാറുടമകളില്‍ ചിലരുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറുമായുള്ള വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
മറ്റിടങ്ങളില്‍ രാത്രി 11 മണിക്ക് ബാറുകള്‍ അടയ്ക്കുമ്പോള്‍ ചില ബാറുകള്‍ക്ക് അധിക സമയം പ്രവര്‍ത്തിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വഴിവിട്ട സഹായം ലഭിച്ചിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മിന്നല്‍ പരിശോധനയ്ക്ക് ശേഷം അശോക് കുമാറിനോട് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ വിശദീകരണം കേട്ടതിനുശേഷമായിരിക്കും സസ്‌പെന്‍ഷന്‍ അടക്കമുള്ള തുടര്‍നടപടികളിലേക്ക് കടക്കുക.































