തിരുവനന്തപുരം : കെ റെയിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് തുടരുമ്പോൾ എൽ ഡി എഫിന്‍റെ ബോധവത്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കമിടും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
വീടുകൾ കയറിയുള്ള പ്രചാരണങ്ങളടക്കം വീണ്ടും തുടങ്ങിയുള്ള ബോധവത്കരണത്തിനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. പാർട്ടി കോണ്‍ഗ്രസ് കേരളത്തിൽ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പി എം നേരത്തെ തീരുമാനിച്ചിരുന്നു. പാർട്ടി കോണ്‍ഗ്രസ് പൂർത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികൾക്ക് എൽ ഡി എഫ് തുടക്കമിടുന്നത്.
സില്‍വര്‍ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തിൽ പ്രശ്നം കണ്ടെത്തിയാൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കണ്ണൂരിൽ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാട്. പിന്നെന്തിനാണ് ഗോ ഗോ വിളികളെന്ന് അന്ന് അദ്ദേഹം ചോദിച്ചു. വികസനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. സംസ്ഥാനത്തിന്റെ പല വികസന കാര്യങ്ങളിലും കേന്ദ്രസർക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കെ റയിലില്‍ കേന്ദ സർക്കാർ പിന്തുണ വേണമെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കെ റെയിൽ പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ ഒപ്പം സർക്കാരുണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുടെ തെറ്റിദ്ധാരണ മാറ്റും. സിൽവർ ലൈനിനെ എതിർക്കാൻ കോ ലി ബി സഖ്യം രംഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ അന്ന് പറഞ്ഞു. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് സി പി എം. ഈ പാർട്ടി രക്ഷിക്കുമെന്നതാണ് ജനങ്ങളുടെ വികാരം. 700 പരം സഖാക്കളെ കേരളത്തിൽ കൊലപ്പെടുത്തി.
ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം കൊലപാതകം. പക്ഷേ ഈ പാർട്ടിയെ ഭയപ്പെടുത്താനാകില്ലെന്ന് കണ്ണൂർ തെളിയിച്ചു. ഇച്ഛാശക്തിയുള്ള സർക്കാരാണ് കേരളത്തിലേത്. കൊവിഡ് കാലത്ത് അത് കണ്ടതാണ്. പിണറായി വിജയൻ സർക്കാർ ഒരു കാര്യം പറഞ്ഞാൽ അത് ചെയ്യും. ദേശീയ പാത വികസനം നടക്കില്ലെന്ന് പറഞ്ഞു. എന്നിട്ടിപ്പോൾ എന്തായി. സിപിഎം ഒറ്റക്കെട്ടാണ്. പാർട്ടി കോൺഗ്രസിൽ രണ്ടു ചേരി ഇല്ല. ബംഗാൾ ഒരു ചേരി കേരളം ഒരു ചേരി എന്ന് മാധ്യമങ്ങൾ പറഞ്ഞു. സി പി എം ഒരു ചേരിയാണെന്ന് പാർട്ടി കോൺഗ്രസ് തെളിയിച്ചു എന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.