കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാനമായി മാറിയെന്നും റാക്കറ്റിന്റെ പിടിയിലാണെന്നും കെ സുധാകരന്‍ ആരോപിച്ചു. കണ്ണൂരില്‍വെച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് കെ സുധാകരന്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഐടി സെക്രട്ടറി എം ശിവശങ്കര്‍ വഴിവിട്ട സഹായം നല്‍കിയിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് ആസൂത്രക സ്വപ്‌ന സുരേഷിന് ബെഹ്‌റയും കൂട്ടരും കൊടുക്കുന്ന ട്രെയിനിംഗ് പിരീഡാണിപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സ്പീക്കറുടെയും മന്ത്രി സഭയിലെ അംഗങ്ങളുടെ പേരും കേസിലുയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.