കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ കോര്‍ത്ത ബ്രണ്ണന്‍ കോളേജ് വിവാദത്തിന് പിന്നാലെ കെ സുധാകരനെ കണ്ട് ഫ്രാന്‍സിസിന്റെ മകന്‍. കണ്ണൂരിലെ വസതിയില്‍ എത്തിയാണ് ഫ്രാന്‍സിസിന്റെ മകന്‍ ജോബി സുധാകരനുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. അച്ഛന്റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി കൂടിക്കാഴ്‌ച്ചക്ക് ശേഷം പറഞ്ഞു.
കെ സുധാകരന് അച്ഛനുമായുണ്ടായിരുന്നത് വളരെ അടുത്ത ആത്മബന്ധമായിരുന്നു. കലാലയ രാഷ്ട്രീയ കാലത്ത് നടന്ന സംഭവങ്ങള്‍ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. സുധാകരനെതിരെ നിയമനടപടിക്കില്ലെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജോബി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഒരു വാരികയില്‍ സുധാകരന്‍ നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസും താനും ചേര്‍ന്ന് പിണറായിയെ ആക്രമിച്ചെന്ന് സുധാകരന്‍ പറഞ്ഞത്. ഈ സംഭവം മുഖ്യമന്ത്രി ഏറ്റുപിടിച്ചതോടെയാണ് സംഭവം വിവാദങ്ങള്‍ക്ക് ഇടയാക്കിയതും.
ക്യാമ്പസില്‍ വെച്ച് ഫ്രാന്‍സിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപെട്ടെന്നുമായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. സുധാകരന്റെ പരാമര്‍ശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ജോബി പറഞ്ഞത്. മൈക്ക് കൊണ്ട് അച്ഛന്‍ പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നും അന്ന് ജോബി വിശദീകരിച്ചിരുന്നു.
അച്ഛന്‍ ഫ്രാന്‍സിസിന് പിണറായി വിജയനുമായി പില്‍ക്കാലത്തും സൗഹൃദമുണ്ടായിരുന്നു. അച്ഛന്‍ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ കൂരാച്ചുകുണ്ടില്‍ എത്തിയപ്പോള്‍ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിളിപ്പേര് പോലും ഓര്‍ത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ജോബി പറഞ്ഞിരുന്നു. തന്റെ പിതാവ് മരിച്ചിട്ട് ഇപ്പോള്‍ ഇരുപത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കോളജില്‍ പഠിക്കുന്ന കാലത്ത് പിതാവ് ഒരു കെ. എസ്. യു പ്രവര്‍ത്തകനായിരുന്നു. ആ കാലഘട്ടത്തില്‍ ഒരു ആക്രമണത്തിനും പിതാവ് മുതിര്‍ന്നിട്ടില്ല. അതിനു ശേഷവും ആരെയും ഉപദ്രവിച്ചിട്ടില്ല.