കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ മസ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായും 30 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ വക്താവ് അറിയിച്ചു. വെള്ളിയാഴ്ചയാണ് കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദില്‍ ഭീകരാക്രമണം ഉണ്ടായത്. പ്രാര്‍ഥനയ്ക്കായി നൂറുകണക്കിന് വിശ്വാസികള്‍ തടിച്ചുകൂടിയിരുന്നു. ചാവേര്‍ ആക്രമണമാണ് നടന്നത് എന്നാണ് പ്രാഥമിക വിവരം.
പ്രാര്‍ഥിക്കാന്‍ എത്തിയവര്‍ക്കൊപ്പം മസ്ജിദിലേക്ക് നുഴഞ്ഞുകയറിയ ചാവേര്‍ പ്രാര്‍ഥനയ്ക്കിടെ പൊട്ടിത്തെറിച്ചതാകാമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തില്‍ 76 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളതെന്നാണ് ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന വിവരം. ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് സൂചന.
കഴിഞ്ഞ ദിവസവും സമാന രീതിയില്‍ കാബൂളില്‍ സ്ഫോടനം ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ ബാല്‍ഖ് പ്രവിശ്യയിലെ മസാര്‍-ഇ-ശെരീഫിലായിരുന്നു ഇരട്ട സ്ഫോടനം നടന്നത്. ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരട്ട സ്‌ഫോടനങ്ങളിലൊന്ന് വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപവും മറ്റൊന്ന് വാഹനത്തില്‍ വെച്ചുമാണ് നടന്നതെന്നാണ് പുറത്തുവന്ന വിവരം.