തിരുവനന്തപുരം : വെടിയുണ്ട കാണാതായ സംഭവത്തിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഗണ്‍മാന്‍ സനിൽകുമാറിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ആരോപണങ്ങളില്‍ കാര്യമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റം തെളിയുന്നത് വരെ ഗണ്‍മാന്‍ സ്റ്റാഫില്‍ ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അയാള്‍ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയിട്ടില്ല. പ്രതി ചേര്‍ത്തിട്ടേയുള്ളൂ. ആരോപണങ്ങള്‍ വരുന്നതില്‍ കാര്യമില്ല. 2013 ല്‍ നടന്നുവെന്ന് പറയുന്ന കാര്യമല്ലേ? അന്വേഷണം നടക്കട്ടെ. കുറ്റവാളിയെന്ന് പറയുന്നത് വരെ അയാളെന്റെ സ്റ്റാഫിലുണ്ടാകുമെന്നും കടകംപള്ളിപറഞ്ഞു.
സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ നഷ്ടമായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനും പ്രതിയാണ്. 11 പോലീസുകാരെ പ്രതി ചേർത്ത് പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഗണ്‍മാന്‍ സനിൽകുമാർ മൂന്നാം പ്രതിയാണ്. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2019 ഏപ്രിൽ 3 നാണ് പേരൂർക്കട പോലീസ് കേസെടുക്കുന്നത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ എസ് എ പി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽ കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതല ഉണ്ടായിരുന്നത്. വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽ കുമാർ അടക്കമുള്ള 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തി.