കോഴഞ്ചേരി : ആറന്മുള നിയോജക മണ്ഡലത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികളെ വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ യാത്രയാക്കി. അഞ്ചു വള്ളങ്ങളുമായി 12 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ടീം ലീഡര്‍ക്ക് ആറന്മുള കണ്ണാടി നല്‍കിയും മറ്റുള്ള അംഗങ്ങളെ പൊന്നാട അണിയിച്ചുമാണ് വീണാ ജോര്‍ജ് എംഎല്‍എ നാടിനുവേണ്ടി ആദരിച്ചത്.
അഞ്ച് ദിവസം ആറന്മുള മണ്ഡലത്തില്‍ രക്ഷാ പ്രവര്‍ത്തനം മുന്നില്‍കണ്ട് നിലയുറപ്പിച്ച മത്സ്യതൊഴിലാളികളുടെ സേവനത്തിന് വീണാ ജോര്‍ജ് എംഎല്‍എ നന്ദി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളുമായി അത്യാവശ്യഘട്ടം ഉണ്ടായാല്‍ ഓടിയെത്താമെന്ന് അറിയിച്ചതായി എംഎല്‍എ പറഞ്ഞു. മണ്ഡലത്തില്‍ വെള്ളം ഇറങ്ങിതുടങ്ങിയതും നിലവില്‍ വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്തതുകൊണ്ടുമാണ് മത്സ്യബന്ധനത്തിനായി തിരികെ കൊല്ലത്തേക്ക് അവര്‍ മടങ്ങിയത്.
മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ കോഴഞ്ചേരി തഹസിദാര്‍ കെ.ഓമനക്കുട്ടന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍പെക്ടര്‍ സാം മാത്യു, വാര്‍ഡ് അംഗം ഗീതാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.