പത്തനംതിട്ട : ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയില്‍വെച്ച് കൊല ചെയ്യപ്പെട്ട പി.പി. മത്തായിയുടെ മരണത്തിനുത്തരവാദികളായ ഉദ്യോഗസ്ഥരെ 16 ദിവസമായിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ ആരോപിച്ചു. നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്ത മത്തായിയെ വനപാലകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടവരുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ മത്തായി കൊല്ലപ്പെടുകയായിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ വനപാലകര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുകയോ അവരെ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. മത്തായിയുടെ മൃതദേഹത്തോട് പോലും അനാദരവാണ് കാണിക്കുന്നത്. കേരളാ പോലീസിന്റെ നടപടിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മത്തായിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് പ്രഫ. പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ (എക്‌സ് എംഎല്‍എ) യുടെ നേതൃത്വത്തില്‍ നടന്ന റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിച്ചു. സിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, മുന്‍ എം.പി. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, പ്രൊഫ. ഡി.കെ. ജോണ്‍, ജോണ്‍ കെ. മാത്യു, കുഞ്ഞുകോശി പോള്‍, ജോണ്‍സണ്‍ വിളവിനാല്‍, ഡോ. ഏബ്രഹാം കലമണ്ണില്‍, കുളക്കട രാജു, വര്‍ഗീസ് മാമ്മന്‍, ജോര്‍ജ്ജ് കുന്നപ്പുഴ, ദീപു ഉമ്മന്‍, കുഞ്ഞുമോന്‍ കെങ്കിരേത്ത്, രാജീവ് താമരപ്പള്ളില്‍, തോമസ്‌കുട്ടി കുമ്മണ്ണൂര്‍, ടോമി ജോസഫ്, സജന്‍ വെള്ളറട, ഗോകുലം സന്തോഷ്, അഡ്വ. പ്രമോദ് കുമാര്‍, സന്തോഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.