കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്‌ചകളുണ്ടായി എന്നും മുന്‍പും വീഴ്‌ച പറ്റിയിട്ടുണ്ടെന്നും നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നതായി ആശുപത്രിയിലെ ജൂനിയര്‍ ഡോക്‌ടര്‍ നജ്‌മ സലീം. പൂര്‍ണമായും ബോദ്ധ്യമുളള കാര്യങ്ങളാണ് പറഞ്ഞതെന്നും അതില്‍ ദുരുദ്ദേശ്യമില്ലെന്നും നജ്മ പറഞ്ഞു.
മാദ്ധ്യമങ്ങളോട് വിവരങ്ങള്‍ അറിയിക്കും മുന്‍പ് കാര്യങ്ങള്‍ ആശുപത്രി സൂപ്രണ്ടിനും ആര്‍.എം.ഒയ്‌ക്കും ഓഡിയോ സന്ദേശമായി അറിയിച്ചിരുന്നു. എന്നാല്‍ മതിയായ പരിഹാരം കാണാത്തതിനാലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയതെന്നും അതിന്റെ പേരില്‍ നടപടികളെ ഭയക്കുന്നില്ലെന്നും ഡോ.നജ്മ സലീം പറഞ്ഞു.
മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതന്‍ മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ സന്ദേശം സത്യമാണെന്ന് ഡോ.നജ്‌മ അഭിപ്രായപ്പെട്ടിരുന്നു. ഓക്‌സിജന്‍ മാസ്‌ക് അഴിഞ്ഞും വെന്റിലേറ്റര്‍ ട്യൂബ് ഘടിപ്പിക്കാതെയും രോഗികള്‍ ഇവിടെ കഷ്‌ടപ്പെടുന്നതായി നജ്മ പറഞ്ഞിരുന്നു. ഇത്തരത്തില്‍ മരണമടഞ്ഞ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രിയുടെ യശസ്സിനെ കെടുത്താനുളള ശ്രമമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.