കോന്നി : കല്ലാറ്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിക്കുന്നു. കല്ലാറ്റിലെ തട്ടാത്തി കയം, മുണ്ടോംമൂഴിക്കും ഇലവുങ്കൽ തോടിനും ഇടയ്ക്കുള്ള സ്ഥലങ്ങൾ എന്നിവടങ്ങളിലാണ് മാലിന്യങ്ങൾ കൂടുതലായും ഉള്ളത്. തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെയുള്ള മാലിന്യാവശിഷ്ടങ്ങൾ കല്ലാറ്റിലേക്ക് എത്തിച്ചേരുന്ന ചെറുതും വലുതുമായ തോടുകളിലേക്കാണ് ഉപേക്ഷിക്കുന്നത്. മഴക്കാലത്ത് ഇവ ഒഴുകി കല്ലാറ്റിലേക്ക് എത്തുകയും ചെയ്യുന്നു. രാസമാലിന്യങ്ങൾ കലർന്ന കുപ്പികൾ വരെ ഈ കൂട്ടത്തിലുണ്ട്.
മാലിന്യങ്ങൾ തോടുകളിലേക്ക് വലിച്ചെറിയാതെ ഇത് സംസ്കരിക്കുവാനുള്ള നടപടികളും തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. തണ്ണിത്തോട് റോഡിലൂടെ പോകുന്ന യാത്രക്കാരിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളും മറ്റും കല്ലാറ്റിലേക്ക് വലിച്ചെറിയുന്നുമുണ്ട്. മുണ്ടോംമൂഴി ഭാഗത്തെ ആനത്താരകളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് ഭീഷണിയാകുന്നു. ശീതള പാനീയങ്ങളുടെ കുപ്പികൾ ഉൾപ്പെടെ ആനകൾ ഭക്ഷിക്കുന്നതിനും സാധ്യതയേറെയാണ്. പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ നദിയിലൂടെ ഒഴുകി വന്ന് നദീതീരത്തെ മര കൊമ്പുകളിൽ തട്ടി നിൽക്കുന്നതും പതിവ് കാഴ്ച്ചയാണ്. രാസവസ്തുകൾ അടങ്ങിയ കുപ്പികൾ നദിയിലെ മത്സ്യങ്ങളുടെ ജീവനും ഭീഷണിയാകുന്നു. നദിയിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കുവാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.