ചെന്നൈ : രാജരാജചോളൻ ഹിന്ദു രാജാവല്ലെന്ന സംവിധായകൻ വെട്രിമാരന്‍റെ പ്രസ്താവനയെ പിന്തുണച്ച് കമൽഹാസൻ രംഗത്ത്. മണിരത്‌നത്തിന്‍റെ ‘പൊന്നിയിൻ ശെൽവൻ’ സിനിമയിൽ രാജരാജചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചത് വെട്രിമാരൻ വിമർശിച്ചിരുന്നു. എച്ച്. രാജ ഉൾപ്പെടെ ബിജെപി-സംഘ്പരിവാർ നേതാക്കൾ വെട്രിമാരനെ ഇതിനെതിരെ രൂക്ഷമായി വിമർശിച്ചു.
തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും നമ്മുടെ പല വ്യക്തിത്വങ്ങളെയും മായ്ക്കപ്പെടുകയാണെന്നും തമിഴ് ചരിത്രത്തിലെ സ്വത്വങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വെട്രിമാരൻ അഭിപ്രായപ്പെട്ടു. രാജരാജ ചോളന്‍റെ കാലത്ത് ഹിന്ദുമതം എന്നൊരു പേരില്ലായിരുന്നുവെന്നും ഹിന്ദു എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ചരിത്രത്തെ പെരുപ്പിച്ചുകാണിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യരുത്. സിനിമയിലേക്ക് ഭാഷാപരമായ പ്രശ്‌നങ്ങൾ വലിച്ചിഴക്കരുതെന്നാണ് തന്‍റെ നിലപാടെന്നും കമൽഹാസൻ വ്യക്തമാക്കി.