ചെന്നൈ : നടൻ കമൽഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.
അസുഖത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കിയിട്ടുണ്ട്. കമലിപ്പോൾ ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രത്തിലാണ് കമൽഹാസൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. താരനിര്‍ണ്ണയം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് വിക്രം. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്‍ന്‍, കാളിദാസ് ജയറാം എന്നിങ്ങനെയാണ് താരനിര. വിജയ് നായകനായ ‘മാസ്റ്ററി ‘നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൊവിഡ് ആദ്യ തരംഗത്തിനു പിന്നാലെ തുറന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തി ബിഗ് റിലീസ് ആയിരുന്നു മാസ്റ്റര്‍.