തിരുവനന്തപുരം : ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ സിപിഐയുടെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎമ്മിനെ അറിയിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കാനാണ് കാനത്തിന്റെ തീരുമാനം. രാഷ്ട്രീയ ആലോചനയില്ലാതെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതിലുള്ള എതിര്‍പ്പാണ് കാനം അറിയിക്കുക. ഇടഞ്ഞു നില്ക്കുന്ന സിപിഐയെ ചര്‍ച്ചയിലൂടെ അനുനയിപ്പിക്കാനാണ് സിപിഎമ്മിന്റെ നീക്കം.
അടുത്ത മാസം നിയമസഭ സമ്മേളനം ചേരാനിരിക്കേ മുന്നണിയില്‍ കൂടിയാലോചനകളില്ലാതെ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെ കാനം പരസ്യമായി വിമര്‍ശിച്ചിരുന്നു. ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനം ചേരാനിരിക്കേ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് എന്തിനാണെന്നായിരുന്നു കാനത്തിന്റെ ചോദ്യം.
കാര്യമായ ചര്‍ച്ചകളൊന്നുമില്ലാതെയാണ് ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതെന്നും സിപിഐ കുറ്റപ്പെടുത്തുന്നു. നിയമ ഭേദഗതി കൊണ്ടുവരുന്നു എന്നല്ലാതെ ഭേദഗതി എന്താണെന്നു തങ്ങളെ അറിയിച്ചിട്ടില്ലെന്നു സിപിഐ മന്ത്രിമാര്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പ് സിപിഎമ്മിനെ അറിയിക്കാനാണ് കാനം കോടിയേരിയെ കാണുന്നത്.
ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനയെ മറികടക്കുന്നതാണെന്നു അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ വഴി കേന്ദ്ര സര്‍ക്കാരിനു സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ ഇടപെടാന്‍ വഴിതുറക്കുന്നതുമാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിക്കാമായിരുന്നതെയുള്ളു. പരസ്യമായ വിമര്‍ശനത്തിലൂടെ സിപിഐ മുന്നണി മര്യാദ ലംഘിച്ചിരിക്കുകയാണെന്നും സിപിഎം നേതാക്കള്‍ക്ക് ആക്ഷേപമുണ്ട്