കാബൂൾ : അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്തെന്ന് താലിബാൻ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ വക്താവ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാണ്ഡഹാർ പൂർണമായും കീഴടക്കി. മുജാഹിദുകൾ നഗരത്തിലെ രക്തസാക്ഷി സ്ക്വയറിലെത്തി. ട്വീറ്റിൽ പറയുന്നു. അഫ്ഗാൻ സർക്കാർ സൈന്യത്തെ നഗരത്തിന് പുറത്തുളള സൈനിക കേന്ദ്രത്തിലേക്ക് പിൻവലിച്ചതായി കാണ്ഡഹാർ സ്വദേശിയും പറയുന്നു. താലിബാന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതാണ് ഈ പ്രസ്താവന.
തലസ്ഥാനമായ കാബൂളിൽനിന്ന് 150 കിലോമീറ്റർ മാത്രം അകലെയുള്ള ഗസ്നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാൻ പിടിച്ചെടുത്തു. അഫ്ഗാൻ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ നിയന്ത്രണത്തിലാക്കിയത്. നിലവിൽ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ മൂന്നിലൊന്നും അതിർത്തികളിൽ തൊണ്ണൂറു ശതമാനവും താലിബാൻ നിയന്ത്രണത്തിലാണ്.
കാബൂളുമായി പ്രധാനഗരമായ കാണ്ഡഹാറിനെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പട്ടണമാണ് തെക്കുകിഴക്കൻ പ്രദേശമായ ഗസ്നി. നഗരം വിട്ട ഗസ്നി ഗവർണറെയും ഉപഗവർണറെയും സുരക്ഷാസേന അറസ്റ്റുചെയ്തതായും നഗരത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതായും ആഭ്യന്തരമന്ത്രാലയ വക്താവ് മിർവെയ്സ് സ്റ്റാനിക്സായ് സ്ഥിരീകരിച്ചു. രാജ്യത്തെ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിൽ സർക്കാരിന്റെ സ്വാധീനം പൂർണമായും നഷ്ടപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിനുള്ളിൽ അഫ്ഗാനിൽ മരിച്ചത് 1000 സാധാരണക്കാരാണെന്നാണ് ഐക്യരാഷ്ടസഭയുടെ കണക്ക്. നാലുലക്ഷത്തോളംപേർ ഇതുവരെ അഭയാർഥികളായി.
ഒരുമാസത്തിനകം താലിബാൻ സേന കാബൂൾ വളയുമെന്നും മൂന്നുമാസത്തിനുള്ളിൽ തലസ്ഥാനനഗരം പൂർണമായും പിടിച്ചെടുക്കുമെന്നുമുള്ള അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താൻ 20 വർഷത്തെ സാന്നിധ്യം അവസാനിപ്പിച്ച് സൈനിക പിൻമാറ്റത്തിനൊരുങ്ങുന്നതായി മേയിൽ അമേരിക്ക അറിയിച്ചതോടെയാണ് താലിബാൻ വീണ്ടും പിടിമുറുക്കിത്തുടങ്ങിയത്.
അക്രമം അവസാനിപ്പിക്കുന്നതിനായി താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് താലിബാനുമായുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിനെ അഫ്ഗാൻ സർക്കാർ വ്യാഴാഴ്ച അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ശക്തമായ മുന്നേറ്റം നടത്തുന്ന താലിബാൻ ഇതിനു വഴങ്ങാൻ സാധ്യതയില്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി.എം. നാരായണൻ അഭിപ്രായപ്പെട്ടു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി സ്ഥാനമൊഴിയാതെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് താലിബാൻ നേരത്തേ അറിയിച്ചിരുന്നു.