കോഴിക്കോട്: പത്ത് കിലോയിലധികം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കോഴിക്കോട് ആരാമ്പ്രം സ്വദേശിയായ പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്മയിൽ (56) ആണ് പോലീസിന്റെ പിടിയിലായത്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഇയാൾ പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 5 ലക്ഷം രൂപയോളം വില വരും. കുന്ദമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽക്കുന്നത് ഇസ്മായിലാണെന്ന് മനസ്സിലാക്കിയ പോലീസ് ഇയാൾക്കായി വല വിരിക്കുകയായിരുന്നു. കഞ്ചാവ് വാങ്ങിക്കുന്നതിനായി ഇസ്മായിൽ ആന്ധ്രാപ്രദേശിൽ പോയതായി രഹസ്യ വിവരം ലഭിച്ച പോലീസ് ഇയാൾ തിരിച്ചെത്തിയതായി മനസ്സിലാക്കി ആരാമ്പ്രം ഭാഗത്ത് പട്രോളിംഗ് ശക്തമാക്കിയിരുന്നു.