കണ്ണൂര്‍:കണ്ണൂര്‍ മയ്യിലില്‍ കൊലവിളി മുദ്യാവാക്യവുമായി സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. തെരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ് ബൂത്ത് ഏജന്‍റുമാരെ മര്‍ദിച്ച കേസിലെ പ്രതികള്‍ക്ക് മയ്യില്‍ ചെറുപഴശിയില്‍ നല്‍കിയ സ്വീകരണത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കിയത്. ചെറുപഴശി നെല്ലിക്കപ്പാലത്ത് ഇന്നലെ വൈകിട്ടായിരുന്നു സ്വീകരണ പരിപാടി. കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു കൊലവിളി മുദ്രാവാക്യം.
‘കൊല്ലേണ്ടോരെ കൊല്ലും ഞങ്ങള്‍, തല്ലേണ്ടോരെ തല്ലും ഞങ്ങള്‍, കൊന്നിട്ടുണ്ടീ പ്രസ്ഥാനം’, ‘കയ്യും കൊത്തി കാലും കൊത്തി, പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടി ചോരച്ചെങ്കൊടി കാട്ടും ഞങ്ങള്‍, ഓര്‍ത്തുകളിച്ചോ തെമ്മാടികളെ, മുസ്‍ലിം ലീഗില്‍ ചെറ്റകളേ എന്നൊക്കെയാണ് മുദ്രാവാക്യങ്ങള്‍. ലീഗ് പ്രവര്‍ത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും ഭീഷണിയുണ്ട്.
മയ്യില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റുമാരെ മര്‍ദിച്ച കേസില്‍ സി.പി.എം പ്രാദേശിക നേതാവ് ബാലകൃഷ്ണന്‍ അടക്കമുളളവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇവര്‍ക്ക് സി.പി.എം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം മുഴക്കിയത്.