കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ എടുത്ത ഇടതു മുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്. രണ്ടാഴ്ച്ചയ്ക്കകം വീണ്ടും ഹാജാരാകണമെന്നാണ് കസ്റ്റംസിന്റെ നിര്‍ദ്ദേശം.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം ഫൈസലിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് നേരത്തെ പുറത്തുവന്നിരുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായാണ് കസ്റ്റംസിന്റെ നിര്‍ണ്ണായക നീക്കമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ചെ ഉദ്യോഗസ്ഥര്‍ ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ ചോദ്യം ചെയ്യലിനാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിലെടുത്തത്.
ഇടതുപക്ഷക്കാരനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27ാം വാര്‍ഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുന്‍പ് ഡി.ആര്‍.ഐ പ്രതി ചേര്‍ത്തിരുന്നു. ഈ കേസിലെ പ്രതികളുമായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തിരുന്നു.