രാജസ്ഥാന്‍ : അക്രമ ബാധിത നഗരത്തിലെ ക്രമസമാധാന നില കണക്കിലെടുത്ത് രാജസ്ഥാനിലെ കരൗലിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഏപ്രില്‍ 10 രാവിലെ 12 വരെ നീട്ടി. കര്‍ഫ്യൂവില്‍ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 12 വരെ ഇളവ് പ്രഖ്യാപിച്ചു. ഈ സമയത്ത് അവശ്യ സാധനങ്ങള്‍ വില്‍ക്കാം. പച്ചക്കറി – പഴക്കടകള്‍, ജനറല്‍ സ്റ്റോറുകള്‍, ഡയറികള്‍, ഇന്ധന സ്റ്റേഷനുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ ഈ സമയത്ത് പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കരൗലി വര്‍ഗീയ കലാപത്തിന് ശേഷം അജ്മീര്‍ കളക്ടര്‍ നഗര, ഗ്രാമ പ്രദേശങ്ങളില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തി ഉത്തരവിട്ടിരുന്നു.
സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊതു ഇടങ്ങളിലും ആരാധനാലയങ്ങളിലും സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാണ് ഈ ഉത്തരവ്. അതേസമയം, കോട്ട, ബിക്കാനീര്‍, ജോധ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളിലും സെക്ഷന്‍ 144 നടപ്പാക്കിയിട്ടുണ്ട്. ഹിന്ദു പുതുവത്സരം പ്രമാണിച്ച് നടത്തിയ റാലി മുസ്‍ലിം ഭൂരിപക്ഷ മേഖലയിലൂടെ കടന്നുപോകവേ പള്ളിക്കു നേരെ ആക്രമണം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.